സാംസണ്‍ വിശ്വനാഥന്‍ എന്ന ഡല്‍ഹി മുന്‍ പോലീസ് കോണ്‍സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്‍റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം. അതിനായി അയാള്‍ ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില്‍ സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന്‍ കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്‍ഹിപോലൊരിടത്തു ക്രിക്കറ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ്‍ ജോലിവരെ ഉപേക്ഷിച്ചു.

തങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്‍ക്ക്… സാംസണിന്‍റെ മക്കളില്‍ രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീം 2026 ഐസിസി ട്വന്‍റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്‍റെ താരമാരെന്ന ചോദ്യത്തില്‍ രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്‍ക്കും സഞ്ജു നല്‍കിയില്ല…

അഞ്ച് ഇന്നിംഗ്സുകൾ

അതെ, ഡല്‍ഹിയിലെ മുറിക്കുള്ളില്‍ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ്. ഏതൊരു സൂപ്പര്‍ ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്‌സില്‍ ആരാധകരെ ഇരിപ്പിടത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്‍. അതിനായി 2026 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്‌സ് മാത്രം. അതില്‍ രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ആദ്യം അഭിഷേക് ശര്‍മ ഉദരസംബന്ധ അസുഖത്തെത്തുടര്‍ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.

സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര്‍ ഹീറോ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 89, ന്യൂസിലന്‍ഡിന് എതിരായ ഫൈനലില്‍ 89… അതോടെ അഞ്ച് ഇന്നിംഗ്‌സില്‍ 321 റണ്‍സുമായി 2026 ലോകകപ്പിന്‍റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍ ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.

 അച്ഛന്‍റെ സ്വപ്നം

2025 കേരള പ്രീമിയര്‍ ലീഗ് ട്വന്‍റി-20യില്‍ ചേട്ടന്‍ സാലി സാംസണിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില്‍ എത്തുന്നത്. പ്രഥമ കെപിഎല്ലില്‍നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില്‍ കളിച്ചു.

ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില്‍ കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില്‍ എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍വരെ സഞ്ജു തയാറായി.

കാലം കരുതിവച്ച നീതിപോലെ, ഗില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്‍ക്കുന്ന നായകന്‍ തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്‍റി-20 ലോകകപ്പിലെ സഞ്ജു സാംസണ്‍. വിശ്വനാഥ് സാംസണിന്‍റ് സുവര്‍ണ സ്വപ്‌നം ചിറകുവിരിച്ച മുഹൂര്‍ത്തങ്ങള്‍…

 10 ര്‍ഷം മുമ്പ് ഒരു പ്രാദേശിക ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞത് ഇങ്ങനെ; ഇന്ത്യന്‍ ടീമിലെ ഒരു മികച്ച കളിക്കാരനാകണമെന്നതാണ് അച്ഛന്‍റെ ആഗ്രഹം. അതു ഞാന്‍ സാധിക്കും. ചിലപ്പോഴൊക്കെ ഔട്ടായി കഴിഞ്ഞ് അച്ഛനെ വിളിക്കാനായി ഫോണ്‍ എടുക്കും. എന്തു പറയണമെന്നു പത്ത് മിനിറ്റ് ആലോചിച്ചശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആക്കി കിടക്കും. അതായിരുന്നു സാംസണും സഞ്ജുവും തമ്മിലുള്ള ആത്മബന്ധം.

മക്കള്‍ക്കായി ജീവിച്ച അച്ഛന്‍റെ ആഗ്രഹത്തിനു മുകളിലേക്കു സഞ്ജു പറന്നുയര്‍ന്നു, ഇന്ത്യന്‍ ടീമിനു ലോകകപ്പ് സമ്മാവിച്ച മികച്ച ഒരു താരമായി സഞ്ജു മാറി. ആ മാറ്റത്തിന്‍റെ കൊടുങ്കാറ്റില്‍ എതിരാളികള്‍ കടപുഴകി, ഞാനും നിങ്ങളുമടങ്ങുന്ന മലയാളികളുടെ എക്കാലത്തെയും ഐതിഹാസിക ക്രിക്കറ്ററായി സഞ്ജു… സഞ്ജു ചേട്ടാ, അധ്വാന വിപ്ലവത്തിന്‍റെ ചുടുവിയര്‍പ്പിനാല്‍ ഹൃദയനോവുകളെ ചിരിപ്പുഷ്പങ്ങളാക്കിയ നിങ്ങള്‍ക്ക്, ആയിരമായിരം ചുംബനങ്ങള്‍…