ബെംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ബെംഗളൂരുവിൽ യുവാവിന്റെ ക്രൂരത. കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ബെംഗളൂരുവിലെ തരബനഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം.
പെൺകുട്ടിക്കും മാതാപിതാക്കൾക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെയും നില അതീവ ഗുരുതരമാണ്. പ്രതിയായ പാണ്ഡു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവാവും പെൺകുട്ടിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർക്കിടയിലുണ്ടായ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഇവരുമായി വാക്കുതർക്കത്തിലായി. തൊട്ടുപിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.



