ബല്ലാരി: കർണാടകയിലെ ബല്ലാരി ജില്ലയിലെ ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ അർദ്ധരാത്രിയിൽ വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചതിനെത്തുടർന്ന് ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി പെട്ടെന്ന് പ്രകോപിതനാവുകയും കട്ടിലിന്റെ കമ്പിയെടുത്ത് സഹപാഠികളെ ആക്രമിക്കുകയുമായിരുന്നു. ഡോർമിറ്ററിയിൽ ഉണ്ടായിരുന്ന എട്ട് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥി പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശബ്ദം കേട്ടെത്തിയ സ്കൂൾ അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാർത്ഥി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയായ വിദ്യാർത്ഥിക്കായി ബല്ലാരി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അക്രമത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.



