വേനലിന്റെ തുടക്കത്തിൽ തന്നെ ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. ശനിയാഴ്ച ഡൽഹിയിൽ 35.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ മാർച്ചിലെ ആദ്യ വാരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 50 വർഷങ്ങളിലെ കാലാവസ്ഥാ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 1999 മാർച്ച് 5-നായിരുന്നു (34.8 ഡിഗ്രി സെൽഷ്യസ്). 

എന്നാൽ ശനിയാഴ്ച താപനില 35.7 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ, മാർച്ച് ആദ്യ ആഴ്ചയിലെ 50 വർഷത്തെ കാലയളവിലെ ഏറ്റവും ചൂടേറിയ ദിവസമാണിതെന്ന് ഐ.എം.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു. 2011 മുതലുള്ള ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളിൽ മാർച്ച് ആദ്യ ആഴ്ചയിലെ രണ്ടാമത്തെ ഉയർന്ന താപനില 2016-ൽ രേഖപ്പെടുത്തിയതാണ്. അന്ന് മാർച്ച് നാലിന് താപനില 33.6 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.

ഡൽഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ ശനിയാഴ്ച രേഖപ്പെടുത്തിയ 35.7 ഡിഗ്രി സെൽഷ്യസ് താപനില സാധാരണയേക്കാൾ 7.3 ഡിഗ്രി കൂടുതലാണ്. കുറഞ്ഞ താപനില 17.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.