മിഡിൽ ഈസ്റ്റിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ വീണ്ടും ഇറാനെതിരെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. പുതിയ ആക്രമണത്തിൽ കുറഞ്ഞത് 20 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന എണ്ണ സംഭരണശാലയും ആക്രമണത്തിൽ കേടുപാടുകൾക്ക് വിധേയമായതായി റിപ്പോർട്ടുകൾ പറയുന്നു.

ഇസ്രായേൽ വ്യോമസേന ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്. ടെഹ്‌റാനിലെ എണ്ണ സംഭരണ ടാങ്കുകളും റിഫൈനറി സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ നഗരത്തിലെ ചില പ്രദേശങ്ങളിൽ വലിയ സ്ഫോടനങ്ങളും തീപിടിത്തങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.

അതേസമയം ആക്രമണത്തിന് പിന്നാലെ ഇറാൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലെ സംഘർഷം ദിനംപ്രതി രൂക്ഷമാകുന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമോയെന്ന ആശങ്കയും അന്താരാഷ്ട്ര സമൂഹം പ്രകടിപ്പിക്കുന്നു.