സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ (എജി) കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അധികമായി കൈപ്പറ്റിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് എജി പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.
മന്ത്രിയെന്ന നിലയിൽ ശമ്പളം കൈപ്പറ്റുമ്പോൾ എംപി പെൻഷൻ തുകയിൽ നിയമാനുസൃതമായ കുറവ് വരുത്തേണ്ടതുണ്ട്. എന്നാൽ ഇരു മന്ത്രിമാരും ഈ പെൻഷൻ തുക പൂർണ്ണമായി കൈപ്പറ്റിയതായാണ് കണ്ടെത്തൽ. എജി പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ ചട്ടലംഘനം വ്യക്തമായത്. സാധാരണക്കാർക്ക് പല ആനുകൂല്യങ്ങളും നൽകാനാകാതെ സർക്കാർ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ്, മന്ത്രിമാർ തന്നെ അധികമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന നിർദേശം വന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.



