പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് കനത്ത തിരിച്ചടികൾ നേരിടുന്നതിനിടെ അമ്പരപ്പിക്കുന്ന ഒരു അവകാശവാദം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഖുദ്സ് ഫോഴ്സ് കമാൻഡറായ ഇസ്മായേല്‍ ഖാനി ഒരു ഇസ്രായേല്‍ ചാരനാണെന്നും, അദ്ദേഹം ഇപ്പോൾ ഇസ്രായേലിൽ സുരക്ഷിതനായി ഉണ്ടെന്നുമാണ് പുതിയ പ്രചാരണം.

‘ഇസ്രായേല്‍ ന്യൂസ് ഏജൻസി’ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് ഈ ഗുരുതരമായ ആരോപണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ പോസ്റ്റിലുള്ളത്.

ഹമാസ്, ഹിസ്ബുല്ല നേതാക്കളെ വധിക്കുന്നതിൽ ഇസ്മായേല്‍ ഖാനി നിർണ്ണായക പങ്ക് വഹിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണം. ഹമാസ് മുൻ രാഷ്ട്രീയകാര്യ തലവൻ ഇസ്മായേല്‍ ഹനിയ്യ, ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റുല്ല, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഹാഷിം സഫിയുദ്ദീൻ എന്നിവരുടെ രഹസ്യ താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേലിന് ചോർത്തി നൽകിയത് ഖാനിയാണെന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു.

ഇതിന് പുറമെ, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയെയും മറ്റ് ഉന്നത ഐ.ആർ.ജി.സി കമാൻഡർമാരെയും വധിക്കാൻ ആവശ്യമായ രഹസ്യ വിവരങ്ങൾ കൈമാറിയതും ഇസ്മായേല്‍ ഖാനിയാണെന്ന് ഈ പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. ‘ബ്രേക്കിംഗ് ന്യൂസ്’ എന്ന മുഖവുരയോടെയാണ് ഈ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ഇസ്മായേല്‍ ഖാനിയുടെ നീക്കങ്ങൾ വലിയ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ഇസ്രായേല്‍ നടത്തിയ മാരകമായ പല വ്യോമാക്രമണങ്ങളിലും ഇറാന്റെയും ഹിസ്ബുല്ലയുടെയും ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണ കേന്ദ്രങ്ങളിലെല്ലാം സാന്നിധ്യമുണ്ടായിരുന്ന ഖാനി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിന് തൊട്ടുമുൻപും ഖാനി ആ പ്രദേശത്ത് ഉണ്ടായിരുന്നതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് ഉന്നത നേതാക്കൾ കൊല്ലപ്പെടുമ്പോഴും ഖാനി മാത്രം സുരക്ഷിതനായി ഇരിക്കുന്നതിന് പിന്നിൽ അദ്ദേഹം മൊസാദുമായി സഹകരിക്കുന്നതാണെന്ന വാദത്തിന് ഈ സംഭവങ്ങൾ കരുത്ത് പകർന്നു.

സമൂഹ മാധ്യമങ്ങളിൽ ഇസ്മായേല്‍ ഖാനിക്കെതിരെയുള്ള ഈ അവകാശവാദങ്ങൾ കാട്ടുതീ പോലെ പടരുന്നുണ്ടെങ്കിലും, ഇതിന് ഇതുവരെ യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ഇസ്രായേല്‍ സർക്കാരോ ഇറാൻ ഭരണകൂടമോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഇതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്മായേല്‍ ഖാനിയെ ഐ.ആർ.ജി.സി തന്നെ രഹസ്യമായി വധിച്ചുവെന്നും ചില അറബ് മാധ്യമങ്ങളിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹം ഇസ്രായേലിൽ സുരക്ഷിതനാണെന്ന പുതിയ അവകാശവാദം പുറത്തുവന്നിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് മാത്രമേ ഇതിലെ സത്യാവസ്ഥ പുറത്തുവരികയുള്ളൂ.