പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങൾ ഗൾഫ് സമുദ്രമേഖലയിലെ വാണിജ്യ ഗതാഗതത്തിനും കടുത്ത ഭീഷണിയാകുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കപ്പൽ ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയ ഹോർമുസ് കടലിടുക്കിൽ വിദേശ എണ്ണക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. മാൾട്ടയുടെ പതാകയേന്തിയ ‘പ്രിമ’ എന്ന കപ്പലിന് നേരെയാണ് ശനിയാഴ്ച രാവിലെ ആക്രമണമുണ്ടായത്.

ഗൾഫ് മേഖലയിൽ തങ്ങൾ ഏർപ്പെടുത്തിയ ഗതാഗത വിലക്കും സുരക്ഷാ മുന്നറിയിപ്പുകളും നിരന്തരം അവഗണിച്ചതിനാലാണ് വാണിജ്യ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് ഐആർജിസി നാവികസേന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഈ നിർദ്ദേശങ്ങൾ ലംഘിച്ച പ്രിമ കപ്പലിനെ ഡ്രോൺ ഉപയോഗിച്ച് ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.

എണ്ണയും രാസവസ്തുക്കളും വഹിക്കുന്ന ഒരു കൂറ്റൻ ടാങ്കർ കപ്പലാണ് പ്രിമയെന്ന് സമുദ്രഗതാഗത നിരീക്ഷണ വെബ്സൈറ്റായ മറൈൻ ട്രാഫിക് സാക്ഷ്യപ്പെടുത്തുന്നു. കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചോ ഇറാനോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള എണ്ണ വിതരണ ശൃംഖലയെയും സാമ്പത്തിക വിപണിയെയും ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. നിലവിലെ സംഘർഷങ്ങൾക്കിടയിൽ ഇത്തരം നാവിക നീക്കങ്ങൾ പശ്ചിമേഷ്യൻ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.