കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വാദിഭാഗത്തിൻ്റേയും പ്രതിഭാഗത്തിൻ്റേയും വാദം പൂർത്തിയായി. 2023 മെയ് 10-ന് ആയിരുന്നു മെഡിക്കൽ എടുക്കുന്നതിനായി പോലീസ് എത്തിച്ച പ്രതി സന്ദീപ് ഡോക്ടറെ ആക്രമിക്കുന്നത്.
പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രതിഭാഗം നിരന്തരം കോടതിയിൽ ആവർത്തിച്ചത്. എന്നാൽ പ്രതി ജയിലവിൽ ഉപയോഗിക്കുന്ന മരുന്ന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർക്കുള്ളതല്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിക്കുന്നു.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇരുപത്തിനാല് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.
34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ ഹാജരാകും. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളാകുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.



