ചെന്നൈ: നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അഞ്ച് പേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. 10 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഇവരിൽനിന്ന് പിടികൂടി.
എൻസിബിയുടെ ചെന്നൈ, ഹൈദരാബാദ് സോണൽ യൂണിറ്റുകൾ നടത്തിയ ഏകോപിത ഓപ്പറേഷനിൽ 77.6 കിലോ ഹാഷിഷ് ഓയിലും രണ്ട് കിലോ ചരസുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചരണ്ട് കാറുകൾ, ഒരു മോട്ടോർ ബൈക്ക്, ഒരു മത്സ്യബന്ധന ബോട്ട് എന്നിവയും കണ്ടുകെട്ടി.
മാർച്ച് മൂന്നിന് തെലങ്കാനയിലെ ഹൈദരാബാദ് – ബെംഗളൂരു ഹൈവേയിലെ റായ്ക്കൽ ടോൾ പ്ലാസയ്ക്ക് സമീപം എൻസിബി ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ വാഹനം പരിശോധനയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. പരിശോധനയിൽ പ്രത്യേകം പരിഷ്കരിച്ച അറകളിൽ ഒളിപ്പിച്ച രണ്ട് കിലോ ചരസ് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ ഡൽഹിയിൽനിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കാഠ്മണ്ഡുവിൽനിന്ന് സോണാലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തിയ ഒരു വലിയ ചരക്കിന്റെ ഭാഗമാണ് മയക്കുമരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ എത്തിക്കുന്നതിന് മുമ്പ് മയക്കുമരുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തിയതായാണ് കരുതപ്പെടുന്നത്.
തുടർന്ന് എൻസിബിയുടെ ചെന്നൈ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ ഒരു ശ്രീലങ്കൻ അഭയാർഥി ഉൾപ്പെടെ മൂന്ന് വ്യക്തികളിൽനിന്ന് ഏകദേശം 77.6 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ചരക്ക് സ്വീകരിച്ചതായി കരുതപ്പെടുന്ന ഒരു ശ്രീലങ്കൻ പൗരനെയും നേപ്പാളിൽനിന്ന് കയറ്റുമതിക്ക് ധനസഹായം നൽകുകയും ഏകോപിപ്പിക്കുകയും ചെയ്ത വ്യക്തിയെയും അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തിക ശൃംഖല കണ്ടെത്തുന്നതിനും സംഘത്തിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയുന്നതിനും കൂടുതൽ അന്വേഷണം നടക്കുന്നു.



