കൊച്ചി: ഭൂട്ടാനില്നിന്നുള്ള അനധികൃത ആഡംബര കാര് കടത്ത് കേസിലെ മുഖ്യസൂത്രധാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബംഗാൾ ജൽപായ്ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് പിടിയിലായത്. ഒരു ഐടി കമ്പനിയിൽ സീനിയർ എൻജിനിയറാണ് ബിശ്വദീപ് ദാസ്.
ഭൂട്ടാൻ അത്തിർത്തിയിൽനിന്നാണ് ഇയാൾ പിടിയിലായതെന്ന് അധികൃതർ പറഞ്ഞു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഓപ്പറേഷൻ നുംഖോറിലൂടെയാണ് തട്ടിപ്പിന്റെ മുഖ്യകണ്ണിയെ കുടുക്കിയത്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 15 ആഡംബര കാറുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു.
ബിശ്വദീപ് ദാസിനെ കൂടാതെ നാല് അസം സ്വദേശികളും പിടിയിലായി. ദീപക് പട്ടോവാരി (57), അയൂബ് അലി (35), മുസ്തഫ അഹമ്മദ് (35), ജലാൽ മണ്ഡാൽ (31) എന്നിവരാണ് അറസ്റ്റിലായത്. അസം പോലീസിന്റെ അന്വേഷണത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഇവർ 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കഴിഞ്ഞ വർഷം സിനിമാതാരങ്ങളുടെയടക്കം 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് കേസ് വ്യാപിച്ചതോടെ ഭൂട്ടാൻ റോയൽ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



