പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തന്റെ അടുത്ത ദൗത്യം ജന്മനാടായ കേരളത്തിലായിരിക്കുമെന്ന് പ്രഖ്യാപിച്ച് സി വി ആനന്ദ ബോസ്. ‘വികസിത് ഭാരത്’ (വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ താൻ കേരളത്തിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം വെള്ളിയാഴ്ച വ്യക്തമാക്കി.
എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തന്റെ ഭാവി പരിപാടികളെക്കുറിച്ച് സൂചന നൽകിയത്. ദേശീയ നേതൃത്വത്തിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഈ മഹത്തായ ദൗത്യത്തിനായി പ്രവർത്തിക്കുമെന്നും തന്റെ പ്രിയപ്പെട്ട കേരളത്തിന്റെ പുരോഗതിക്കായി പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ തന്റെ സേവനകാലം അവസാനിക്കുകയാണെന്ന് വ്യക്തമാക്കിയ ആനന്ദ ബോസ്, അവിടുത്തെ ജനങ്ങൾ നൽകിയ സ്നേഹത്തിനും ആദരവിനും കടപ്പാട് രേഖപ്പെടുത്തി. തന്റെ രാജി അപ്രതീക്ഷിതമായിരുന്നുവെങ്കിലും, വരാനിരിക്കുന്ന പുതിയ ദൗത്യത്തെ വലിയൊരു ഉത്തരവാദിത്തമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



