ജീവിതം ചക്രകസേരയിൽ തളച്ചിടാനുള്ളതല്ലെന്ന് സ്വന്തം പോരാട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഡോ. ആതിര സുഗതൻ. സിവിൽ സർവീസ് പരീക്ഷയിൽ 483-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശിനിയായ ആതിര, ഐ.എ.എസ് എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി. വാഹനാപകടത്തെത്തുടർന്ന് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട ആതിര, പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഉന്നത വിജയം സ്വന്തമാക്കിയത്.
വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു റോഡ് അപകടമാണ് ആതിരയുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിൽ ചലനശേഷി മാത്രമല്ല, ഒരു ഘട്ടത്തിൽ ഓർമ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ, തോറ്റുകൊടുക്കാൻ തയ്യാറല്ലാതിരുന്ന ആതിര തന്റെ പരിമിതികളെ വെല്ലുവിളിച്ചുകൊണ്ട് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു.
ഡോ. ജോബിൻ എസ്. കൊട്ടാരത്തിന്റെ മാർഗനിർദ്ദേശത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പദ്ധതിയിലൂടെയാണ് ആതിര തന്റെ സ്വപ്നത്തിലേക്കുള്ള വഴിതുറന്നത്. അഞ്ചു വർഷം മുൻപ് ഇത്തരമൊരു പരിശീലന പദ്ധതിക്ക് തുടക്കമിടുമ്പോൾ അതിന്റെ ആദ്യ വിദ്യാർത്ഥിനിയായിരുന്നു ആതിര. നേരത്തെ സിവിൽ സർവീസ് നേടിയ ഷെറിൻ ഷഹാന, എ.കെ. ശാരിക എന്നിവർക്ക് പിന്നാലെ ഡോ. ആതിരയും ഈ ലക്ഷ്യം കൈവരിക്കുമ്പോൾ അത് ഡോ. ജോബിൻ എസ്. കൊട്ടാരത്തിന്റെ നേതൃത്വത്തിലുള്ള സംരംഭത്തിന് മറ്റൊരു വിജയമായി മാറുന്നു. മലയാളം ഓപ്ഷണൽ വിഷയമായി തിരഞ്ഞെടുത്ത ആതിര, ഇന്റർവ്യൂ ബോർഡിന് മുന്നിലും തന്റെ മാതൃഭാഷയിലാണ് ആശയങ്ങൾ പങ്കുവെച്ചത്. പരീക്ഷയുടെ ഓരോ ഘട്ടത്തിലും വിദഗ്ധരായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മാർഗനിർദ്ദേശങ്ങൾ ആതിരയ്ക്ക് കരുത്തായി.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ റോയ് പോൾ, മുൻ ഡി.ജി.പി ഋഷിരാജ് സിങ് തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലുള്ള മോക്ക് ഇന്റർവ്യൂ പരിശീലനങ്ങൾ ആതിരയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
നേരത്തെ ഇതേ പദ്ധതിയിലൂടെ സിവിൽ സർവീസിലെത്തിയ ഷെറിൻ ഷഹാന, എ.കെ. ശാരിക എന്നിവർക്ക് പിന്നാലെയാണ് ആതിരയും നേട്ടം കൈവരിക്കുന്നത്. ശാരീരികമായ വെല്ലുവിളികൾ കരിയറിലെ ഉയർച്ചയ്ക്ക് തടസ്സമല്ലെന്ന് ആതിരയുടെ റാങ്ക് തിളക്കം സാക്ഷ്യപ്പെടുത്തുന്നു. തന്റെ പരിമിതികളെ യുക്തിയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ട ഡോ. ആതിര, ലക്ഷ്യബോധമുണ്ടെങ്കിൽ ഏതൊരു തടസ്സവും മറികടക്കാമെന്ന് ലോകത്തോട് വിളിച്ചുപറയുന്നു.



