ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയെ വധിക്കാനുള്ള തീരുമാനം ഇസ്രായേൽ കൈക്കൊണ്ടത് കഴിഞ്ഞ നവംബറിലാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വെളിപ്പെടുത്തി. ഏകദേശം ആറ് മാസത്തിന് ശേഷം പദ്ധതി നടപ്പിലാക്കാനായിരുന്നു ആദ്യ തീരുമാനമെന്നും അദ്ദേഹം വ്യാഴാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെയാണ് ഖമേനി കൊല്ലപ്പെട്ടത്. ഒരു രാജ്യത്തിന്റെ പരമാധികാരി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.

ഇറാൻ്റെ ഉന്നത നേതാക്കളുടെ വധത്തോടെ ആരംഭിച്ച ഈ പോരാട്ടം ഇപ്പോൾ ഒരു പ്രാദേശിക യുദ്ധമായി മാറിയിരിക്കുകയാണ്. ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലും ഇറാഖിലും ഇറാന്റെ തിരിച്ചടികൾ തുടരുമ്പോൾ, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.