കൽപ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ഫണ്ട് പിരിവിനെ ചൊല്ലി ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് പോര് മുറുകുന്നു. ഡിവൈഎഫ്ഐ പതിനഞ്ച് കോടി രൂപ നല്‍കിയത് രണ്ട് മാസം മുൻപ് മാത്രമാണെന്നും പിരിച്ചതില്‍ 44 ലക്ഷം രൂപ കൈയിൽ വച്ചിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനു മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പണം നല്‍കിയതിന്റെ രസീതുകള്‍ അടക്കം ഡിവൈഎഫ്ഐ പുറത്തുവിട്ടു. കോണ്‍ഗ്രസ് പിരിച്ചതിന്റെ കണക്ക് പുറത്ത് വിടാൻ അവർ വെല്ലുവിളിച്ചു. ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഫണ്ട് മുക്കിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
എന്നാൽ ഫണ്ട് പിരിവില്‍ ഡിവൈഎഫ്ക്കെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. 2025 മാർച്ചില്‍ മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫിലേക്കായി ഇരുപത് കോടി നല്കിയ സംഘടന യഥാർത്ഥത്തില്‍ പണം നല്‍കിയില്ലെന്നാണ് ആരോപണങ്ങളില്‍ ഒന്ന്.
സിഎംഡിആർഫിലേക്ക് പണം നല്‍കാനുള്ള തീരുമാനം പിന്നീട് മാറ്റിയെന്നും വീടുകളുടെ സ്പോണ്‍സർഷിപ്പായാണ് ഈ പണം നല്‍കിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. പണം നല്കിയ രസീതുകളും ഡിവൈഎഫ്ഐ പുറത്ത് വിട്ടു.



