രാജ്യത്തെ ജനസംഖ്യാ നിരക്കിലുണ്ടാകുന്ന വൻ ഇടിവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് അഞ്ച് വർഷത്തിനുള്ളിൽ ശിശുസൗഹൃദ സമൂഹം കെട്ടിപ്പടുക്കുമെന്ന് ചൈനീസ് സർക്കാർ. വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിലാണ് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, താമസം തുടങ്ങിയ മേഖലകളിൽ കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചത്.

തുടർച്ചയായ നാലാം വർഷവും (2025) രാജ്യത്തെ ജനസംഖ്യ കുറയുകയും ജനനനിരക്ക് റെക്കോർഡ് താഴ്ചയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബെയ്ജിംഗിന്റെ ഈ നീക്കം. ജനസംഖ്യ കുറയുന്നത് ആഭ്യന്തര ഉപഭോഗത്തെ ബാധിക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

കുട്ടികളുള്ള കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യങ്ങളിലും വിദ്യാഭ്യാസത്തിലും കൂടുതൽ ഇളവുകളും മുൻഗണനയും നൽകും. ഗർഭകാല പരിചരണവും പ്രത്യുൽപ്പാദന ആരോഗ്യ സേവനങ്ങളും മെച്ചപ്പെടുത്തും.സൗജന്യ പ്രീ-സ്കൂൾ വിദ്യാഭ്യാസം വ്യാപിപ്പിക്കും. വിദ്യാഭ്യാസ മേഖലയ്ക്കുള്ള സർക്കാർ ചിലവ് ജിഡിപിയുടെ (GDP) 4 ശതമാനത്തിന് മുകളിലായി നിലനിർത്തും.സീനിയർ സെക്കൻഡറി സ്കൂളുകളിൽ കൂടുതൽ സീറ്റുകൾ ഉറപ്പാക്കും.വിവാഹത്തെയും കുഞ്ഞുങ്ങൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ജനങ്ങൾക്കിടയിൽ ക്രിയാത്മകമായ മനോഭാവം വളർത്തിയെടുക്കാൻ നടപടികൾ സ്വീകരിക്കും.

ചൈനയിലെ ജനസംഖ്യ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നീങ്ങുന്നതിനെയും റിപ്പോർട്ട് അഭിസംബോധന ചെയ്യുന്നു. 2035-ഓടെ ചൈനയിൽ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 40 കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് അമേരിക്കയിലെയും ഇറ്റലിയിലെയും ആകെ ജനസംഖ്യയ്ക്ക് തുല്യമാണ്.

മുതിർന്ന പൗരന്മാർക്കായി സിൽവർ ഇക്കോണമി (Silver Economy) വികസിപ്പിക്കുമെന്നും ഗ്രാമീണ മേഖലകളിൽ വയോജന പരിചരണ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു. പെൻഷൻ ബജറ്റിലെ ഭാരം കുറയ്ക്കാൻ ചൈന ഇതിനകം തന്നെ വിരമിക്കൽ പ്രായം വർദ്ധിപ്പിച്ചിട്ടുണ്ട്.