ഇറ്റലിയിലെ തീരദേശ പ്രദേശങ്ങളായ, പൂല്യ, കലാബ്രിയ എന്നീ സ്ഥലങ്ങളിലെ, ദൈവശാസ്ത്ര വിഭാഗങ്ങളിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ മാർച്ചുമാസം രണ്ടാം തീയതി കൂടിക്കാഴ്ച്ച നടത്തി. ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഒരിക്കൽകൂടി അടിവരയിട്ടു കൊണ്ട്,  കത്തോലിക്കർ തുറന്ന കടലിനെ ഭയപ്പെടരുതെന്നും, സുരക്ഷിത താവളങ്ങളുടെ അഭയം തേടരുതെന്നും പാപ്പാ ഓർമ്മപ്പെടുത്തി.  ഇന്ന് വിശ്വാസം പ്രഘോഷിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ട സന്ദർഭങ്ങളിൽ ഈ ഒരു മനോഭാവം ഏറെ ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ദൈവശാസ്ത്ര പഠനം രണ്ടു ദിശകളിലേക്ക് നാം നടത്തേണ്ടുന്ന ഒരു യാത്രയാണെന്നു എടുത്തു പറഞ്ഞ പാപ്പാ, ഒരു വശത്തു, ദൈവത്തിന്റെ നിഗൂഢതയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെ വ്യത്യസ്ത മാനങ്ങളുടെയും അഗാധത  പരിശോധിക്കുന്ന ആഴങ്ങളിലേക്ക് ഇറങ്ങാനുള്ള ഒരു യാത്രയാണെന്നും, മറുവശത്ത്, ചരിത്രത്തിന്റെ വിവിധ സാഹചര്യങ്ങളിൽ സുവിശേഷം പ്രഘോഷിക്കുന്നതിന് പുതിയ രൂപങ്ങളും പുതിയ ഭാഷകളും കണ്ടെത്താനുമായി ചക്രവാളങ്ങൾക്കപ്പുറം പോകുവാനുള്ള യാത്രയാണെന്നും വിശദീകരിച്ചു. ദൈവശാസ്ത്രം സുവിശേഷപ്രഘോഷണത്തിനു സഹായിക്കുന്നുവെന്നതിനാൽ, സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യവും അടിസ്ഥാനപരവുമായ ഭാഗമാണെന്നു പാപ്പാ ഊന്നിപ്പറഞ്ഞു. ഇത് എല്ലാവർക്കുമുള്ള ആഹ്വാനം കൂടിയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സ്വന്തം സുരക്ഷിത താവളം ഉപേക്ഷിച്ച്, സ്വന്തം പ്രാദേശികവും സഭാപരവുമായ അതിർത്തികൾക്കപ്പുറം, കണ്ടുമുട്ടലുകളിലും,  ചർച്ചകളിലും, പരസ്പര ശ്രവണത്തിലും, സംഭാഷണത്തിലും അടിസ്ഥാനമാക്കിയ കൂട്ടായ ഒരു ദൈവശാസ്ത്രപഠനം ഏറെ പ്രധാനപ്പെട്ടതാണെന്നും, കൂടിക്കാഴ്ച്ചയ്ക്കു എത്തിയ ആളുകളെ പരാമർശിച്ചുകൊണ്ട് പാപ്പാ അടിവരയിട്ടുപറഞ്ഞു. ദൈവശാസ്ത്രപഠനം  ഒരുമിച്ച് ചെയ്യുന്നതിലൂടെ, ബൗദ്ധികവും ആത്മീയവും അജപാലനവുമായ ചക്രവാളങ്ങൾ വിശാലവും, ബന്ധപ്പെട്ടതും ആകുന്നുവെന്നും, അത് സഭയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നെന്നുവെന്നും പാപ്പാ വിശദീകരിച്ചു.

സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലത്തിലെ ചോദ്യങ്ങളെയും വെല്ലുവിളികളെയും ഒരുമിച്ചു നേരിടുന്നതിനും, അവയോട്  പ്രതികരിക്കുന്നതിനും ഈ കൂട്ടായ ദൈവശാസ്ത്ര പഠനം സഹായിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വിശ്വസ്തതയ്ക്കും സർഗ്ഗാത്മകതയ്ക്കും പാരമ്പര്യത്തിനും പുതുമയ്ക്കും ഐക്യത്തിനും വൈവിധ്യത്തിനും ലോകത്ത് സാക്ഷികളാകുവാൻ ഏവർക്കും സാധിക്കട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു.