തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. 27 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ സംഗീത കോടതിയെ സമീപിച്ചതോടെയാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നതായും ഇതിനായി 250 കോടി രൂപയുടെ സെറ്റിൽമെന്റ് തുക വാഗ്ദാനം ചെയ്തതായും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

വിജയ്‌യും സംഗീതയും തമ്മിലുള്ള ബന്ധത്തിൽ 2021 മുതൽ തന്നെ വിള്ളലുകൾ വീണിരുന്നുവെന്നാണ് വിവരം. മറ്റൊരു നടിയുമായി വിജയ്ക്കുള്ള ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടക്കത്തിൽ പരസ്പര സമ്മതത്തോടെ പിരിയാൻ സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് അതിന് തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവിയിൽ ഇത് പ്രതിഫലിക്കുമെന്ന ആശങ്കയായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. എന്നാൽ ചർച്ചകൾ ഫലം കാണാതായതോടെ സംഗീത നിയമപരമായ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരുടെ സുരക്ഷിതമായ ഭാവിക്കുമായി 250 കോടി രൂപ നൽകാനാണ് വിജയ് തയ്യാറായിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലും (X) ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാണ്.  കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ തുക എപ്രകാരം വിഭജിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

താരത്തിന്റെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജന നായകൻ’ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി ഇറങ്ങുന്നതിന് മുൻപ് ഈ പ്രതിസന്ധി പരിഹരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. ഇതുവരെ താരത്തിന്റെ വക്താക്കളോ കുടുംബമോ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, തമിഴ് സിനിമാ ലോകത്തെ ഏറ്റവും മാതൃകാപരമായ ദാമ്പത്യം തകരുന്നു എന്നത് ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്.