സംസ്ഥാനത്ത് മലയാളം നിർബന്ധമാക്കുന്ന സുപ്രധാന നിർദേശങ്ങളടങ്ങിയ ‘മലയാള ഭാഷ ബിൽ – 2025’ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകാരം നൽകി. ഇതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും.
മലയാളം ഭരണഭാഷയാക്കാനും സാർവത്രികമാക്കാനും ലക്ഷ്യമിട്ട് വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബിൽ തയ്യാറാക്കിയത്. മുമ്പ് യു.ഡി.എഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ബില്ലുമായി മുന്നേറിയത്.
1969ലെ കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് അനുസരിച്ച് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളായിരുന്നുവെങ്കിലും, സമഗ്രമായ മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം.
ബില്ലിലെ പ്രധാന നിർദേശങ്ങൾ:
1 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, സർവകലാശാല പാഠ്യക്രമങ്ങളിൽ മലയാളം ഒരു പേപ്പറായി ഉൾപ്പെടുത്തുക, കോടതിഭാഷയും സർക്കാർ ഉത്തരവുകളും മലയാളത്തിലാക്കുക, മലയാളം പഠനഭാഷയായവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ സംവരണം, പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കുക,
അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലുമുള്ള നടപ്പാക്കൽ ബില്ലിനെതിരെ സിദ്ധരാമയ്യ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ആക്ഷേപങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ബിൽ ഉറപ്പാക്കുന്നതാണെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ബിൽ ജനാധിപത്യ വിരുദ്ധമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ വിമർശനങ്ങളെ ന്യായീകരിച്ചു.



