പാലക്കാട്: ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് ( 30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡന്റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തി കൊണ്ട് കുത്തിയത്.
ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെ പാലപ്പുറം പോസ്റ്റോഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്.
പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.



