ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും പാർട്ടി അധികാരം നിലനിർത്തുകയെന്നും ദിലീപ് സൈക്കിയ അവകാശപ്പെട്ടു.
“സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. ഹിമന്തയുടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. സർക്കാർ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.’-ദിലീപ് സൈക്കിയ പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും ദിലീപ് പറഞ്ഞു. എംഎൽഎമാരുടെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയിട്ടുണ്ടെന്നും അവരെ വിജയിപ്പിക്കാൻ ജനം കാത്തിരിക്കുകയാണെന്നും ദിലീപ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രതിപക്ഷം ദുർബലമാണ്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ സ്ഥിതി അതീവ ദയനീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.



