ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2026 ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. 196 റൺസ് എന്ന വലിയ ലക്ഷ്യം പൂർത്തീകരിക്കാൻ ഇന്ത്യയെ 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു സാംസണിന്റെ മാസ്മരിക പ്രകടനമാണ് വിജയതീരത്തെത്തിച്ചത്.
തുടക്കത്തിൽ ഇന്ത്യയുടെ വിക്കറ്റുകൾ വീണപ്പോൾ സംയമനത്തോടെ ബാറ്റ് ചെയ്ത സഞ്ജു, പിന്നീട് വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ മുന്നോട്ടുനയിച്ചു. 12 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. അവസാന ഓവറിലെ രണ്ടാമത്തെ പന്തിൽ സിക്സറിലൂടെ വിജയം കുറിച്ച സഞ്ജുവിന് വെറും മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കാൻ സാധിച്ചു.
വിജയ റൺ നേടിയ ശേഷം ഹെൽമറ്റ് അഴിച്ച് മുട്ടുകുത്തിനിന്ന് ആകാശത്തേക്കു നോക്കി പ്രാർഥിക്കുന്ന സഞ്ജുവിന്റെ ചിത്രം ശ്രദ്ധേയമായി. തന്റെ കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ചു സംസാരിക്കവെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “കളിച്ചുതുടങ്ങിയ കാലം മുതൽ ഞാൻ സ്വപ്നം കണ്ട ദിവസമാണിത്. ഒരുപാട് പ്രതിസന്ധികളിലൂടെയും സ്വയം സംശയങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. എന്നാൽ, എന്നെ അനുഗ്രഹിച്ച സർവശക്തനായ ദൈവത്തോട് ഞാൻ ഇന്ന് ഏറെ നന്ദി പറയുന്നു.” ഈ വിജയത്തോടെ മാർച്ച് അഞ്ചിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.



