ശത്രുവിനെ സ്നേഹിക്കാൻ പ്രയാസപ്പെടുമ്പോൾ ക്രൂശിതരൂപത്തിലേക്ക് നോക്കാൻ വിശ്വാസികളോട് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിൽ നടന്ന പ്രഭാഷണത്തിനിടെയാണ് ലെയോ പാപ്പ ഇപ്രകാരം പറഞ്ഞത്.
നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും മനുഷ്യസഹജമായ കഴിവ് കൊണ്ട് മാത്രം സാധിക്കില്ല. ആ നിമിഷങ്ങളിൽ കുരിശിൽ കിടന്നുകൊണ്ട് തന്നെ ഉപദ്രവിച്ചവർക്കായി പ്രാർഥിച്ച യേശുവിനെ മാതൃകയാക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. കുരിശുരൂപം കേവലം ഒരു അലങ്കാരമല്ല, മറിച്ച് അത് ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ അടയാളമാണ്. ശത്രുവിനെ സ്നേഹിക്കാൻ കഴിയാതെ വരുമ്പോൾ കുരിശിലേക്ക് നോക്കുന്നത് നമ്മുടെ ഹൃദയത്തെ മൃദുവാക്കാൻ സഹായിക്കും. ശത്രുക്കൾക്ക് വേണ്ടി പ്രാർഥിക്കുന്നത് അവരെ മാറ്റാനല്ല, മറിച്ച് നമ്മുടെ ഉള്ളിലെ വെറുപ്പിനെ ഇല്ലാതാക്കാനാണെന്ന് പാപ്പ കൂട്ടിചേർത്തു.
ലോകമെമ്പാടും വിഭാഗീയതയും വെറുപ്പും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, സമാധാനത്തിനുള്ള ഏക പോംവഴി വിട്ടുവീഴ്ചയില്ലാത്ത സ്നേഹമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി.



