ഭോപ്പാൽ: മധ്യപ്രദേശിലെ ബേത്തുൽ ജില്ലയിൽ അമിതവേഗത്തിൽ വന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുകയറി മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാറോടിച്ച ഹൃതിക് സോളങ്കി (30), സുഹൃത്തുകളായ വരുൺ പ്രജാപതി (21), അഭയ് താക്കൂർ (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ദേവ പാണ്ഡെ, ആകാശ് പാൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
പുലർച്ചെ രണ്ടരയ്ക്കും മൂന്നിനുമിടയിൽ ഇറ്റാർസി റോഡിലാണ് അപകടം നടന്നത്. കാറിന്റെ അമിതവേഗതയാണ് മരണകാരണമെന്ന് പേലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ വാതിലുകളും ജനലുകളും തകർത്താണ് പോലീസ് പുറത്തെടുത്തത്.
അഞ്ച് പേരെയും ആംബുലൻസിലും സ്വകാര്യ വാഹനങ്ങളിലുമായി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.



