സംസ്ഥാനത്ത് മൂന്ന് മാസത്തിലൊരിക്കൽ നൽകിയിരുന്ന മണ്ണെണ്ണ റേഷൻ കടകൾ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര നീക്കം. 

പുതിയ തീരുമാനപ്രകാരം വൈദ്യുതിയുള്ള വീടുകൾക്ക് റേഷൻ കടകൾ വഴി ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. എന്നാൽ വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകൾക്ക് നാല് ലിറ്റർ മണ്ണെണ്ണ വീതം വിതരണം ചെയ്യാനാണ് തീരുമാനം.  2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും ഈ ആനുകൂല്യം ലഭ്യമാകും.

ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ സ്റ്റോക്ക് കണക്കിലെടുത്തായിരിക്കും വിതരണം ക്രമീകരിക്കുന്നത്. മാർച്ച് 31-ന് മുൻപായി കെട്ടിക്കിടക്കുന്ന മുഴുവൻ മണ്ണെണ്ണയുടെയും വിതരണം പൂർത്തിയാക്കാൻ ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസത്തെ വിഹിതം റേഷൻ കട ഉടമകൾ പൂർണ്ണമായും ഏറ്റെടുത്താൽ മാത്രമേ എല്ലാ കാർഡ് ഉടമകൾക്കും മണ്ണെണ്ണ ലഭ്യമാകൂ.

പല താലൂക്കുകളിലും മണ്ണെണ്ണയുടെ മൊത്ത വിതരണ കേന്ദ്രങ്ങൾ ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. റേഷൻ കട ഉടമകൾക്ക് മറ്റ് താലൂക്കുകളിൽ പോയി മണ്ണെണ്ണ കൊണ്ടുവരുന്നതിന് വലിയ പണച്ചെലവ് വരുന്നുണ്ട്.  ഈ സാമ്പത്തിക ബാധ്യത ഭയന്ന് പല ഉടമകളും മണ്ണെണ്ണ സ്റ്റോക്ക് എടുക്കാൻ തയ്യാറാകാത്തതാണ് വിതരണം തടസ്സപ്പെടാനും സ്റ്റോക്ക് കെട്ടിക്കിടക്കാനും ഇടയാക്കിയത്. സ്വന്തം കടയിൽ മണ്ണെണ്ണ ലഭ്യമല്ലെങ്കിൽ സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനാവുന്ന ‘പോർട്ടബിലിറ്റി’ സൗകര്യം കാർഡ് ഉടമകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും അധികൃതർ അറിയിച്ചു.