തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് കൈക്കൊണ്ട തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം ബോർഡിനുണ്ട്. ഒരു തീരുമാനമെടുക്കാനും സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 14ന് കേസ് പരിഗണിക്കും മുൻപ് തന്നെ മന്ത്രിസഭാ യോഗം ചേർന്ന് സർക്കാർ നിലപാട് തീരുമാനിക്കും. ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീംകോടതിയിൽ സ്വീകരിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.
യുവതീപ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു 2020ൽ സുപ്രീംകോടതി ഹർജി പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡ് നിലപാട്. അതിനെ സാധൂകരിക്കുന്ന വാദങ്ങളും നിരത്തിയിരുന്നു. എന്നാൽ അതിൽനിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
മാർച്ച് 15നകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് യോഗംചേർന്നത്. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് തിങ്കളാഴ്ച ചേർന്ന ദേവസ്വംബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്റെ നിലപാടണെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു.



