ഇറാൻ-അമേരിക്ക യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കവെ, കുവൈറ്റ് ആകാശത്ത് അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തിന് മുൻപ് വിമാനത്തിൽ നിന്ന് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
പൈലറ്റ് സുരക്ഷിതനാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പൈലറ്റ് നിലത്തിറങ്ങിയ ശേഷം ഒരു കാറിൽ അഭയം തേടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനം ആകാശത്ത് നിന്ന് കത്തിയമർന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, അമേരിക്കയുടെ തന്നെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം അബദ്ധത്തിൽ വിമാനത്തെ വെടിവെച്ചിട്ടതാണെന്ന് (Friendly Fire) ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ചാകാം പാട്രിയറ്റ് ബാറ്ററി മിസൈൽ തൊടുത്തതെന്നാണ് സംശയം.



