ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. ഇതിനെത്തുടർന്നുണ്ടായ ആശങ്കയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ച ആദ്യ മിനിറ്റുകളിൽ തന്നെ സെൻസെക്സും നിഫ്റ്റിയും കനത്ത ഇടിവാണ് നേരിട്ടത്. സെൻസെക്സ് 884.35 പോയിന്റ് ഇടിഞ്ഞ് 80,402.84 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 267.45 പോയിന്റ് താഴ്ന്ന് 24,911.20 ലുമാണ് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു.

“അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന വർദ്ധനവാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തടസ്സപ്പെട്ടാൽ ക്രൂഡ് ഓയിൽ വിലയിൽ 20 ശതമാനത്തിലധികം വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ബ്രെന്റ് ക്രൂഡ് വില 76 ഡോളറിന് അടുത്ത് നിൽക്കുകയാണെങ്കിൽ വിപണി ദുർബലമായി തുടരുമെങ്കിലും ഒരു വലിയ തകർച്ചയ്ക്ക് സാധ്യത കുറവാണ്,” അദ്ദേഹം വ്യക്തമാക്കി.