ടി20 ക്രിക്കറ്റ് ലോകകപ്പിൽ വിൻഡീസിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ് കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്ന് അഭിനന്ദന പ്രവാഹം. നിർണ്ണായക മത്സരത്തിലെ താരത്തിന്റെ ചരിത്ര നേട്ടത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖ വ്യക്തികളും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് ആശംസകൾ അറിയിച്ചു. 

“നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിന് വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ “ഒരേയൊരു പേര് – സഞ്ജു സാംസൺ” എന്ന കുറിപ്പിനോടൊപ്പം സോഷ്യൽ മീഡിയയിൽ സഞ്ജുവിന്റെ ബാറ്റിംഗ് വീഡിയോ പങ്കുവെച്ചു.

അനിവാര്യ ഘട്ടത്തിൽ അതിഗംഭീര ഇന്നിങ്‌സാണ് സഞ്ജു സാംസൺ പുറത്തെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “വെറും 50 പന്തുകളിൽ പുറത്താകാതെ 97 റൺസ്! അവിശ്വസനീയമായ ഇന്നിങ്‌സിലൂടെ ടീം ഇന്ത്യയെ ഒറ്റയ്ക്ക് സെമിഫൈനലിൽ എത്തിക്കുകയായിരുന്നു സഞ്ജു,” അദ്ദേഹം പറഞ്ഞു.