ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷാവസ്ഥ മധ്യപൂർവേഷ്യ മുഴുവൻ ആശങ്ക ഉണർത്തിയിരിക്കവേ പ്രവാസികളായ മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഇടപെടലുകൾ കേന്ദ്രം നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ.
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കണമെന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാലും ഇ.ടി. മുഹമ്മദ് ബഷീറും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
മിഡിൽ ഈസ്റ്റ് മേഖലയിലും സമീപരാജ്യങ്ങളിലുമുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരനും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അടിയന്തര നിവേദനം നൽകിയിട്ടുണ്ട്.



