മുംബൈ: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. തുടർച്ചയായ മൂന്നു മാസം വില്പനക്കാരായ എഫ്പിഐകൾ ഫെബ്രുവരിയിൽ വാങ്ങലുകാരായി തിരിച്ചെത്തി.
നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്കുപ്രകാരം ഫെബ്രുവരിയിൽ എഫ്പിഐകൾ 22,615 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
കഴിഞ്ഞ പതിനാറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. ഇതിനു മുന്പ് 2024 സെപ്റ്റംബറിൽ നടത്തിയ 57,724 കോടി രൂപയുടേതായിരുന്നു.
ജനുവരിയിൽ 35,962 കോടി രൂപയാണ് ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് എഫ്പിഐകൾ പിൻവലിച്ചത്. 2025 ഡിസംബറിലെ 22,611 കോടി രൂപയുടെയും നവംബറിൽ 3,765 കോടി രൂപയുടെയും പിൻവലിക്കലിനുശേഷമാണ് ഫെബ്രുവരിയിലെ നിക്ഷേപം ഉണ്ടായതെന്ന് കണക്കുകൾ കാണിക്കുന്നു.
വിദേശ നിക്ഷേപകർ ഫെബ്രുവരിയിൽ തിരിച്ചെത്തിയിട്ടും ഇന്ത്യൻ ഓഹരിവിപണി മന്ദഗതിയിലായിരുന്നു. സെൻസെക്സ് ഒരു ശതമാനത്തിലധികവും ഇടിയുകയും നിഫ്റ്റി 0.5 ശതമാനം താഴുകയും ചെയ്തു.
ഐടി മേഖലകളിലുണ്ടായ തളർച്ചയും ദുർബലമായ ആഗോള സൂചനകളുമാണ് ഫെബ്രുവരിയിൽ ഓഹരിവിപണിയെ തളർത്തിയത്.
കോർപറേറ്റ് വരുമാനത്തിലുണ്ടായ മുന്നേറ്റമാണ് വിദേശ നിക്ഷേപർക്ക് വീണ്ടും താത്പര്യമുണ്ടാകാൻ കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.



