ഇറാനിൽ യു.എസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കക്കെതിരായ ഏതൊരു ഭീഷണിയെയും തങ്ങൾ മാരകമായ ബലപ്രയോഗത്തിലൂടെ നേരിടുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ശക്തമായ മുന്നറിയിപ്പ് നൽകി. 

“ലോകത്തിലെവിടെയും നിങ്ങൾ അമേരിക്കക്കാരെ കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ – ഇറാനെപ്പോലെ – ഞങ്ങൾ നിങ്ങളെ വേട്ടയാടും, ഞങ്ങൾ നിങ്ങളെ കൊല്ലും,” ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിച്ചതിന് ശേഷം പെന്റഗൺ മേധാവി എക്‌സിൽ കുറിച്ചു.

ട്രംപ് ഉത്തരവിട്ട ഓപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും മാരകവും സങ്കീർണ്ണവും കൃത്യതയുള്ളതുമായ വ്യോമാക്രമണം ആയിരുന്നുവെന്ന് പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. “കഴിഞ്ഞ രാത്രി, പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചു,” ദൗത്യത്തെ ചരിത്രപരമായ മുന്നേറ്റമെന്ന് വിശേഷിപ്പിച്ച് കൊണ്ട് അദ്ദേഹം എഴുതി.

നയതന്ത്ര ശ്രമങ്ങൾ ഇറാൻ നിരസിച്ചു

ടെഹ്‌റാൻ നയതന്ത്ര ശ്രമങ്ങൾ നിരസിച്ചുവെന്ന് ഹെഗ്‌സെത്ത് ആരോപിച്ചു. “ഇറാൻ ഭരണകൂടത്തിന് അവസരം ലഭിച്ചു, പക്ഷേ ഒരു കരാറിലെത്താൻ വിസമ്മതിച്ചു – ഇപ്പോൾ അവർ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ഇറാൻ അമേരിക്കക്കാരെ ലക്ഷ്യം വയ്ക്കുകയും കൊല്ലുകയും ചെയ്യുന്നതിനൊപ്പം അത്യാധുനിക ആയുധശേഷി നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപത്തെ ഏതൊരു പ്രസിഡന്റിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ രാത്രി ട്രംപ് ഇറാന്റെ സൈനിക ശേഷി തകർക്കുമെന്ന് പ്രതിജ്ഞയെടുത്ത് കൊണ്ട് ഈ അർബുദത്തെ കൈകാര്യം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. “അമേരിക്കൻ ജനതയെ ലക്ഷ്യം വച്ചുള്ള ശക്തമായ മിസൈലുകൾ ഞങ്ങൾ സഹിക്കില്ല. ഇറാന്റെ മിസൈൽ നിർമ്മാണത്തോടൊപ്പം ആ മിസൈലുകളും നശിപ്പിക്കപ്പെടും, ഇറാന്റെ സൈനിക ശേഷികൾ തകർക്കുമെന്നും ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഇറാനെതിരെ കടുത്ത ആക്രമണം

ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനും അവരുടെ ആണവ-മിസൈൽ ഭീഷണികളെ ഇല്ലാതാക്കുന്നതിനുമായി അമേരിക്കയും ഇസ്രായേലും സംയുക്തമായി വൻതോതിലുള്ള സൈനിക നീക്കം ആരംഭിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇറാനിൽ നിന്ന് അടുത്ത നിമിഷം ഉണ്ടായേക്കാവുന്ന ഭീഷണികളെ ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ആക്രമണങ്ങൾ അവസാനിച്ചാലുടൻ നിങ്ങളുടെ സർക്കാർ ഏറ്റെടുക്കാൻ ഇറാനിയൻ ജനതയോട് ആഹ്വാനം ചെയ്തു. ഭരണകൂട മാറ്റത്തിനുള്ള അവസരമായാണ് ട്രംപ് സംഘർഷങ്ങളെ അവതരിപ്പിച്ചത്.