ടെഹ്റാന്: ഇസ്രായേലിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഇസ്രായേലിലുടനീളം അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങിയതായി ഐഡിഎഫ് അറിയിച്ചു.
മിസൈൽ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ജാഗ്രതാ നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ട്. സൈറൺ മുഴങ്ങുന്ന ഉടനെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഹോം ഫ്രണ്ട് കമാൻഡ് ആവശ്യപ്പെട്ടു. മിസൈൽ ഭീഷണികൾ തടയുന്നതിനും ആവശ്യമെങ്കിൽ പ്രത്യാക്രമണം നടത്തുന്നതിനുമായി ഇസ്രായേൽ വ്യോമസേന രംഗത്തുണ്ട്. “ഭീഷണികൾ ഇല്ലാതാക്കാന്‍ ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. സൈറണുകൾ മുഴങ്ങിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കുക,” എന്ന് ഐഡിഎഫ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി.
ഇസ്രായേലും അമേരിക്കയും ചേർന്ന് ടെഹ്റാനിൽ നടത്തിയ മിന്നലാക്രമണത്തിന് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ശക്തമായ തിരിച്ചടി ഉണ്ടായത്. ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ടെൽ അവീവ്, ജെറുസലേം എന്നിവിടങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. ഗൾഫ് രാജ്യങ്ങളും ഈ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.



