കഴിഞ്ഞ ദിവസം ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ഇംഗ്ലണ്ടിനോട് ന്യൂസിലാൻഡ് പരാജയപ്പെട്ടതോടെ സെമി ഫൈനൽ പ്രവേശന സാധ്യതകൾ സജീവമാക്കി പാക്കിസ്ഥാൻ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിവീസിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ സൂപ്പർ 8 ഘട്ടത്തിൽ തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് മുന്നേറിയത്.
ഇംഗ്ലണ്ട് തങ്ങളുടെ വിജയക്കുതിപ്പ് തുടരുക മാത്രമല്ല, സെമി ഫൈനൽ പ്രതീക്ഷയുമായി കാത്തിരിക്കുന്ന പാക്കിസ്ഥാന് ഒരു ചെറിയ വജ്രായുധം കൂടി നൽകിയിരിക്കുകയാണ്. ജയത്തോടെ ഇംഗ്ലണ്ട് സൂപ്പർ 8 ഗ്രൂപ്പ് രണ്ടിൽ മൂന്നു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു.
നിലവിൽ, മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു പോയിന്റുള്ള ന്യൂസിലൻഡ് +1.390 എന്ന മികച്ച നെറ്റ് റൺ റേറ്റുമായി രണ്ടാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റും -0.461 നെറ്റ് റൺ റേറ്റുമുള്ള പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്താണെങ്കിലും ഇപ്പോഴും യോഗ്യത നേടാൻ അവസരമുണ്ട്. ശ്രീലങ്കയുമായുള്ള അവസാന സൂപ്പർ എട്ട് മത്സരം പാക്കിസ്ഥാന് നിർണായകമാണ്.



