നാം സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ മഹത്വം മനസിലാക്കുന്നതിനും, യേശുവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ നവീകരിക്കപ്പെട്ട സൃഷ്ടികളായി ജീവിക്കുന്നതിനുമുള്ള അവസരമാണ് നോമ്പുകാലമെന്നു ലിയോ പതിനാലാമൻ പാപ്പാ.

റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ, റോമിലെ പ്രധാന റെയിൽവേ നിലയത്തിന് സമീപമുള്ള, കാസ്ത്രോ പ്രെത്തോറിയോ, തിരുഹൃദയ ഇടവക ബസിലിക്കയിൽ, വിശ്വാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, വിശുദ്ധ ബലിയർപ്പിച്ച് വചനസന്ദേശം നൽകുകയും ചെയ്തു. നോമ്പുകാലം ഒന്നാം ഞായറാഴ്ചയിൽ വായിക്കപ്പെട്ട മരുഭൂമിയിലെ പരീക്ഷണത്തെക്കുറിച്ചുള്ള സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, യേശുവിന്റെ സമ്പൂർണ്ണമായ മാനുഷികഭാവം ഇവിടെ വെളിവാക്കപ്പെടുന്നുവെന്നു പാപ്പാ പറഞ്ഞു.

സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം, നിഷേധിച്ചുകൊണ്ട്, ദൈവത്തെപ്പോലെയാകുമെന്ന മിഥ്യാധാരണയിൽ പുരുഷനെയും സ്ത്രീയെയും വശീകരിക്കുന്ന പിശാചിന്റെ തന്ത്രം തിരിച്ചറിയണമെന്ന്, ഉത്പത്തിപുസ്തകം ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. സൃഷ്ടികളെന്ന നിലയിലുള്ള മനുഷ്യന്റെ  അവസ്ഥയെ നാം തിരിച്ചറിയേണ്ടത് ഏറെ ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.  ദൈവത്തോട് “അതെ” എന്ന് പറയുന്നതിലൂടെ എനിക്ക് എന്റെ ജീവിതം പൂർണ്ണമായി നിറവേറ്റാൻ കഴിയുമോ? അതല്ലെങ്കിൽ, സ്വതന്ത്രനും സന്തോഷവാനുമായിരിക്കാൻ, ഞാൻ അവനെ ഒഴിവാക്കേണ്ടതുണ്ടോ? എന്നുള്ള ചോദ്യങ്ങൾ ഇന്നത്തെ സുവിശേഷഭാഗം നമുക്ക് മുൻപിൽ വയ്ക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

മനുഷ്യനെ സ്വയം വെളിപ്പെടുത്തുന്ന യേശുവിന്റെ യഥാർത്ഥ മാനവികതയാണ് സുവിശേഷഭാഗം എടുത്തുകാണിക്കുന്നതെന്നു അടിവരയിട്ട പാപ്പാ, ദൈവത്തോട് “അതെ” എന്ന് പറയുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷീകരണവും ഇന്നത്തെ സുവിശേഷത്തിന്റെ പ്രത്യേകതയാണെന്നും ചൂണ്ടിക്കാട്ടി.

ഈ പുതിയ മാനവികത മാമ്മോദീസയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നു പറഞ്ഞ പാപ്പാ, മാമ്മോദീസയുടെ കൃപ വീണ്ടും കണ്ടെത്താൻ ഈ നോമ്പുകാലത്ത് ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നു അടിവരയിട്ടു. കൂദാശയുടെ ഈ കൃപ യേശുവിനോട് പൊരുത്തപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ആന്തരിക ശബ്ദമാണെന്നും, ദൈവത്തോടും, അയൽക്കാരോടും  ഉള്ള സ്നേഹത്തിന്റെ  പൂർത്തീകരണം കണ്ടെത്തുന്നതിനായി ഈ കൂദാശ നമ്മെ  സ്വതന്ത്രമാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

യേശുവുമായുള്ള സൗഹൃദം ജീവിക്കാനും അങ്ങനെ പിതാവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കാനും നമ്മെ വിളിക്കുന്ന മാമ്മോദീസയുടെ ചൈതന്യം, സാഹോദര്യത്തിൽ ജീവിക്കുവാൻ  നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.ഇടവകയുടെ ചുമതല വഹിക്കുന്ന സലേഷ്യൻ വൈദികർക്ക് പാപ്പാ പ്രത്യേകം നന്ദിയുമർപ്പിച്ചു.