ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ കെ.എസ്.യു. പ്രതിഷേധത്തിൽ മന്ത്രിക്കു മർദനമേറ്റിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ വീഴ്ച പരിശോധിച്ച ഉത്തർമേഖലാ ഡി.ഐ.ജി.ക്കും സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ മന്ത്രിക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മന്ത്രി സമരക്കാർക്കെതിരെ തിരിഞ്ഞതോടെ പോലീസ് അവരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണുണ്ടായതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. നിലവിൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്.
മന്ത്രിയെ കരിങ്കൊടി കാട്ടിയ കെ.എസ്.യു. പ്രവർത്തകൻ പിന്നിലൂടെ വന്ന് ആക്രമിച്ചുവെന്ന സി.പി.എം. വാദവും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നതായി പാർട്ടി പുറത്തുവിട്ട ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് മന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്നത് ഗൺമാനാണെന്ന് വ്യക്തമായി. തോൾ ബാഗ് തൂക്കി മന്ത്രി വാഹനത്തിൽ നിന്നിറങ്ങിയത് മുതൽ ഒപ്പമുണ്ടായിരുന്ന ഗൺമാനെയാണ് പ്രതിഷേധക്കാരനായി ചിത്രീകരിച്ചതെന്നാണ് ആക്ഷേപം. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ ഉൾപ്പെടെയുള്ളവർ ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചിരുന്നു. കെ.എസ്.യു. പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയും കരിങ്കൊടി പിടിച്ച പ്രവർത്തകനും തമ്മിൽ കൃത്യമായ അകലമുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.



