ന്യൂഡൽഹി: വാനനിരീക്ഷകർക്ക് 2026 സമ്മാനിക്കുന്ന ആദ്യത്തെ വലിയ ദൃശ്യവിസ്മയമാണ് മാർച്ച് മൂന്നിനു സംഭവിക്കുന്ന പൂർണചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കുന്പോൾ, ചന്ദ്രൻ ചുവപ്പു കലർന്ന ചെമ്പു നിറത്തിൽ ദൃശ്യമാകുന്ന -ബ്ലഡ് മൂൺ- ദർശിക്കാനാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകുമെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണു കൂടുതൽ വ്യക്തതയോടെ കാണാൻ സാധിക്കുകയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.
എന്താണ് ബ്ലഡ് മൂൺ
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരികയും ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കുകയും ചെയ്യുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.
ചന്ദ്രൻ ഭൂമിയുടെ നിഴലിലാണെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ചെറിയ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ റിഫ്രാക്ഷന് വിധേയമാവുകയും ചുവന്ന പ്രകാശം മാത്രം ചന്ദ്രോപരിതലത്തിൽ പതിക്കുകയും ചെയ്യുന്നു. ഇതാണ് ഗ്രഹണസമയത്ത് ചന്ദ്രനെ ചുവപ്പുനിറത്തിൽ കാണുന്നത്.
എപ്പോൾ കാണാം
ഗ്രഹണത്തിന്റെ തുടക്കം വൈകുന്നേരം 4:58ന് ആയിരിക്കും. ഗ്രഹണം പൂർണമായും അവസാനിക്കുന്നത് രാത്രി 7:53ന് ആണ്. രാജ്യത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും ചന്ദ്രൻ ഉദിച്ചു വരുമ്പോൾ ഗ്രഹണത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും. അതിനാൽ ഏകദേശം 20 മിനിറ്റ് മാത്രമാണ് പലേടങ്ങളിലും ഇതു ദൃശ്യമാകുക.
എന്നാൽ, വടക്കുകിഴക്കൻ ഇന്ത്യയിൽ നൂറു ശതമാനം ദൃശ്യപരതയോടെ പൂർണ ഗ്രഹണം ദർശിക്കാൻ സാധിക്കും. ദിബ്രുഗഡ്, ദിസ്പുർ, ഗുവാഹത്തി (അസം), ഇറ്റാനഗർ (അരുണാചൽ പ്രദേശ്), ഷില്ലോംഗ് (മേഘാലയ) എന്നിവിടങ്ങളിൽ വൈകുന്നേരം 5:10നും 5:25നും ഇടയിലായിരിക്കും ഗ്രഹണം അതിന്റെ പൂർണതയിൽ എത്തുക.
ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഫിൽട്ടറുകളോ കണ്ണടകളോ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി ആസ്വദിക്കാം. ചന്ദ്രൻ ഉദിച്ചുവരുന്ന കിഴക്കൻ ചക്രവാളം വ്യക്തമായി കാണാവുന്ന ഇടം നിരീക്ഷണത്തിനായി തെര്ഞെടുക്കുക. ബൈനോക്കുലറോ ടെലിസ്കോപ്പോ ഉണ്ടെങ്കിൽ ചന്ദ്രന്റെ നിറം മാറുന്നതും ഉപരിതലത്തിലെ മാറ്റങ്ങളും കൂടുതൽ വ്യക്തമായി കാണാം.



