ഇറാനുമായുള്ള ബന്ധം അതീവ വഷളായിരിക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്ക് അത്യാധുനിക എഫ്-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ അയച്ച് അമേരിക്ക. ഇതാദ്യമായാണ് ഇത്തരത്തിലുള്ള അത്യാധുനിക വിമാനങ്ങൾ അമേരിക്ക ഇസ്രായേലിൽ വിന്യസിക്കുന്നത് എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിൽ ഒന്നായാണ് എഫ്-22 റാപ്റ്ററുകൾ അറിയപ്പെടുന്നത്. ബ്രിട്ടനിലെ താൽക്കാലിക താവളത്തിൽ നിന്ന് പന്ത്രണ്ടോളം വിമാനങ്ങൾ ഇസ്രായേലിലേക്ക് തിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇറാനുമായുള്ള ആണവ ചർച്ചകൾ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ചർച്ചകളിലൂടെ ഇറാനെ ആണവ പദ്ധതികളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമമായാണ് ഈ കൂടിക്കാഴ്ചയെ നയതന്ത്ര ലോകം കാണുന്നത്. വ്യാഴാഴ്ച ജനീവയിൽ ആരംഭിച്ച ചർച്ചകൾക്ക് രണ്ട് ദിവസം മുൻപേ തന്നെ യുദ്ധവിമാനങ്ങൾ ഇസ്രായേലിൽ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.