മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിക്കുന്നുവെന്ന് അനന്തരവനും എൻസിപി എംഎൽഎയുമായ രോഹിത് പവാർ ആരോപിച്ചു.

ജനുവരി 28-ന് ബാരാമതിയിൽ നടന്ന അപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ സിഐഡി അന്വേഷണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഇതിന് പിന്നിൽ ‘ശക്തരായ ചില കൈകൾ’ ഉണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും രോഹിത് പവാർ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽ വിമാനക്കമ്പനിയായ വിഎസ്ആർ (VSR), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്നാണ് രോഹിത് പവാറിന്റെ ആവശ്യം. അപകടത്തിൽ ഇവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു.