സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്. ഇന്നലെ രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ വിലയിൽ വൈകുന്നേരത്തോടെ 560 രൂപ കൂടി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുതിപ്പുണ്ടായത്. 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണ്ണവില വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്.
വിപണിയിലെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഇന്ന് ഒരു പവൻ (8 ഗ്രാം) സ്വർണ്ണത്തിന്റെ വില 400 രൂപ വർദ്ധിച്ച് 1,18,480 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 14,810 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി തുടക്കത്തിൽ പവൻ വില 1.07 ലക്ഷം രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വർദ്ധനവാണ് വിപണിയിൽ ദൃശ്യമാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾ ആഭ്യന്തര വിപണിയെയും ശക്തമായി സ്വാധീനിക്കുന്നുണ്ട്.



