സഭാ തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യാക്കോബായ സഭ അധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നിർണ്ണായകമായ ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി പാത്രിയാർക്കീസ് ബാവ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ, സാബു എബ്രഹാം തുടങ്ങിയവരും ചർച്ചയിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുമെന്നാണ് വിവരം. സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം പരിഹരിക്കാൻ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നുവരുന്ന പശ്ചാത്തലത്തിലാണ് പരമാധ്യക്ഷനുമായി പ്രധാനമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.



