തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു വർഷംമുന്പ് ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തെളിവു നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്കു നോട്ടീസ്.
ഓട്ടോഡ്രൈവറായിരുന്ന കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ (53)വയറ്റിലാണു കത്രിക മറന്നുവച്ചത്. 2025 ജനുവരിയിൽ കാൻസർ ബാധിച്ചു ജോസഫ് പോൾ മരിച്ചു. ഇതറിയാതെയാണ് മെഡിക്കൽ കോളജിൽനിന്നു വിചാരണയിൽ പങ്കെടുക്കാൻ നോട്ടീസ് അയച്ചത്. ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടി കോടതിയിൽ കേസ് തുടരുന്പോഴാണു നോട്ടീസ്.
2020 മേയ് അഞ്ചിനായിരുന്നു ആദ്യ ശസ്ത്രക്രിയ കഴിഞ്ഞതെന്നു ജോസഫിന്റെ ഭാര്യ ബിന്ദു പറഞ്ഞു. രണ്ടു ശസ്ത്രക്രിയ നടത്തി. ഒന്നര മാസം കഴിഞ്ഞിട്ടും വേദന തുടർന്നപ്പോൾ വീണ്ടും മെഡിക്കൽ കോളജിലെത്തി സിടി സ്കാനിംഗ് നടത്തി. വയറ്റിൽ പഴുപ്പുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞപ്പോൾ സംശയം തോന്നി. സ്വകാര്യ ലബോറട്ടറിയിൽ എക്സ്റേ എടുത്തപ്പോഴാണു കത്രിക കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.
ഗാസ്ട്രോ സർജനായ ഡോക്ടർക്കെതിരേ കുടുംബം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ 17നാണു ജോസഫ് പോളിന്റെ പേരിൽ ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടീസ് ലഭിച്ചത്. തെളിവെടുപ്പിനുപോകാൻ തയാറെടുക്കുന്നതിനിടെ ഹിയറിംഗ് മാറ്റിവച്ചെന്ന നോട്ടീസും ലഭിച്ചെന്നു ബിന്ദു പറഞ്ഞു.



