തൃശൂർ: മെഡിക്കൽ കോളജിൽ കാൽമുട്ടുവേദനയ്ക്കു ചികിത്സിക്കാനെത്തിയ യുവാവിന്റെ കൃഷ്ണമണികൾ രോഗിയെയും ബന്ധുക്കളെയും അറിയിക്കാതെ നീക്കംചെയ്തെന്നു പരാതി.
തൃക്കൂർ സ്വദേശി മുളങ്കാട്ടുപറന്പിൽ സനൂപ് (38), അമ്മ വത്സല എന്നിവരാണ് പരാതി ഉന്നയിച്ചത്. എന്തിനാണ് എന്റെ കണ്ണുകള്‍ എടുത്തതെന്നു സനൂപ് ഹൃദയംപൊട്ടി ചോദിക്കുന്നു. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണു സംഭവിച്ചതെന്നു സനൂപിനും കുടുംബത്തിനും ഇനിയും മനസിലായിട്ടില്ല.
2023 ലായിരുന്നു സനൂപിനു ശസ്ത്രക്രിയ. നേരത്തേ ചികിത്സിച്ച തൃശൂർ ജനറൽ ആശുപത്രിയിലെ ഡോ. പ്രവീണിനെതിരേയും കുടുംബം കൈക്കൂലി ആരോപണം ഉന്നയിച്ചു. ടൈൽസ് പണിക്കാരനായ സനൂപിനു ജോലിക്കിടെ കാൽമുട്ടുവേദന പതിവായതോടെയാണ് ചികിത്സ തേടിയത്. അച്ഛനെയുംകൂട്ടി ബൈക്ക് ഓടിച്ചാണ് താൻ ആശുപത്രിയിലെത്തിയതെന്നു സനൂപ് പറഞ്ഞു. ഡ്രിപ്പ് ഇടാനായി കൈയിൽ ക്യാനുല ഇട്ടതോടെ കൈകളിൽ നീരും തടിപ്പും വേദനയും അനുഭവപ്പെട്ടിരുന്നു. ഇതു നഴ്സുമാരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. കൈയിൽ അണുബാധയും പഴുപ്പും മൂർച്ഛിച്ച്, ഓർമ മങ്ങി, മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്നതോടെ ഐസിയുവിലേക്കു മാറ്റി. ഉടനെ ഓപ്പറേഷൻ വേണമെന്ന് അറിയിച്ച്, അക്ഷരാഭ്യാസമില്ലാത്ത അമ്മയിൽനിന്നു സമ്മതപത്രത്തിൽ ഒപ്പിട്ടുവാങ്ങി. കൃഷ്ണമണികൾ നീക്കംചെയ്യുന്ന കാര്യം ആരെയും അറിയിച്ചില്ല. ഓപ്പറേഷനു ശേഷമാണു ഫംഗസ് ബാധിച്ചതു കൊണ്ട് കൃഷ്ണമണികൾ നീക്കംചെയ്ത കാര്യം ആശുപത്രി അധികൃതർ അറിയിച്ചത്.
ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിന്റ കെട്ട് അഴിച്ചപ്പോഴാണ് കുടുംബവും സനൂപും ഇക്കാര്യം അറിയുന്നതുതന്നെ. ഒരാഴ്ച കഴിഞ്ഞപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്കി ജില്ലാ ആശുപത്രിയിലേക്കു മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അപ്പോഴും സ്വയം ആവശ്യപ്പെട്ടതുകൊണ്ടുള്ള ഡിസ്ചാര്‍ജ് എന്ന കള്ളരേഖയാണ് ഒപ്പം കൊടുത്തയച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയിരുന്നില്ല. പിന്നീട് വിവരാവകാശപ്രകാരം അപേക്ഷ നൽകിയാണ് അതു നേടിയെടുത്തത്.
മുഖ്യമന്ത്രിക്കും വാർഡ് മെംബപറുടെ മേൽനോട്ടത്തിൽ പോലീസിനും പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ല. സനൂപിന്റെ ചികിത്സയ്ക്കു നേതൃത്വം നൽകിയവർ സ്ഥലംമാറി പോയതുകൊണ്ട് വിശദാംശങ്ങൾ അറിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
കാൽമുട്ടുവേദന ചികിത്സയ്ക്കിടെ ഇൻജക്ഷൻ നൽകിയതിൽ ഉണ്ടായ പിഴവാണു കണ്ണുകളെ ബാധിച്ചതെന്നു സനൂപ് പറയുന്നു. സനൂപിന്റെ വരുമാനത്തിലായിരുന്നു അച്ഛനും അമ്മയും ഭാര്യയും മകനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു. അച്ഛനാണ് സനൂപിനെയും മകനെയും പരിചരിക്കുന്നത്. അറുപത്തിനാലുകാരിയായ വത്സല വീട്ടുജോലിക്കുപോയാണ് കുടുംബം കഴിയുന്നത്. ചികിത്സാപ്പിഴവുകളെക്കുറിച്ച് തുടർച്ചയായി വാർത്തകൾ വന്നതോടെയാണ് നീതി തേടി മുന്നോട്ടു വന്നതെന്നു സനൂപും അമ്മയും പറഞ്ഞു.
►ഡോക്ടർ കൈക്കൂലി വാങ്ങി; ആരോപണം◄
തൃശൂർ: ജില്ലാ ആശുപത്രിയിൽ സനൂപിനെ ചികിത്സിക്കുന്നതിനിടെ അന്നുണ്ടായിരുന്ന ഡോ. പ്രവീണ്‍ കൈക്കൂലി വാങ്ങിയെന്ന് അമ്മ വത്സല. സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പു വേണമായിരുന്നു. ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്റെ മുറിയിലേക്കു കയറിച്ചെന്നപ്പോൾ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്കു കൊടുക്കുന്നതാണു കണ്ടത്. ഇതു കണ്ടെന്ന് അറിഞ്ഞതോടെ തന്റെ കൈയിലിരുന്ന ഫയലുകൾ വാങ്ങി ഡോക്ടർ വലിച്ചെറിഞ്ഞു.
അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചെന്നു പറഞ്ഞ് നഴ്സുമാരും ഡോക്ടറും ചേർന്നു ശാസിച്ചു. പത്തുമണിക്കുള്ളിൽ ഫയലിൽ ഒപ്പിട്ടു നൽകണമെന്നു പറഞ്ഞപ്പോൾ നഴ്സ് ഡോക്ടറുടെ ഒപ്പ് വാങ്ങിത്തരികയായിരുന്നു.
എന്നാൽ, പണംനൽകാതെ ഡോക്ടർ ചികിത്സിക്കാൻ വരില്ലെന്നു സമീപത്തുള്ള രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. മൂന്നു ദിവസം പിന്നിട്ടിട്ടും മകനെ തിരിഞ്ഞുനോക്കാതെ വന്നപ്പോൾ തൃശൂർ ടൗണിലുള്ള ഡോക്ടറുടെ ക്ലിനിക്കിലെത്തി 1,500 രൂപ നൽകി. നാട്ടുകാർ മകനെ കാണാൻ വരുന്പോൾ ചായയ്ക്കായി തങ്ങൾക്കു നൽകിയ പത്തും അന്‍പതും നുള്ളിപ്പെറുക്കിയാണ് ഡോക്ടർക്കു കൊടുത്തത്. പണം കൊടുത്തു പിറ്റേദിവസമാണ് ഡോക്ടർ മകനെ നോക്കാൻ വന്നതെന്നും വത്സല ആരോപിച്ചു.
►റിപ്പോർട്ട് തേടും: മന്ത്രി കെ. രാജൻ◄
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടുമെന്നു മന്ത്രി കെ. രാജൻ. വിഷയം ഉടൻ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. യുവാവിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
ചികിത്സാപ്പിഴവ് അന്വേഷിക്കും: മെഡി. കോളജ് സൂപ്രണ്ട്
തൃശൂർ: യുവാവിന്റെ കൃഷ്ണമണികൾ നീക്കംചെയ്ത സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക അറിയിച്ചു. സംഭവത്തിൽ കണ്ട്രോളിംഗ് അഥോറിറ്റിയായ ഡിഎംഇയോട് തുടർനടപടികൾ ആരാഞ്ഞു.ഓപ്പറേഷൻ സംബന്ധിച്ച മെഡിക്കൽ രേഖകൾ പരിശോധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.



