കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒളിവിലുള്ള പ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പ്രതികളില്‍ ഒരാളായ ഫസലിന് വേണ്ടിയാണ് അന്വേഷണം തുടരുന്നത്.

ബുധനാഴ്ച വൈകുന്നേരമാണ് മറ്റു പ്രതികളെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ മര്‍ദനത്തില്‍ വാരിയെല്ലിന് അടക്കം പരിക്കേറ്റ കൊല്ലം സ്വദേശി അമല്‍ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കേസിലെ മുഖ്യപ്രതിയായ പറവൂര്‍ സ്വദേശിയായ സഫ്‌ന (27), ഇരുമ്പനം സ്വദേശി അമല്‍ വേണുഗോപാല്‍ (32), വൈറ്റില സ്വദേശി ജോണ്‍ രാഹുല്‍ (23), മരട് സ്വദേശി ആനന്ദ് മുരുകന്‍ (29) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

പരിക്കേറ്റ ശ്രവണ-സംസാര പരിമിതികളുള്ള യുവാവ് കൊച്ചിയില്‍ ഫുഡ് ഡെലിവറി ബോയ് ആയാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ സഫ്‌നയുമായി യുവാവ് പരിചയത്തിലാകുന്നത്.

സഫ്‌നയുടെ ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്തിരുന്നത്. പനമ്പിള്ളി നഗറിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പണം തട്ടാനായിരുന്നു സഫ്‌നയുടെയും സംഘത്തിന്‍റെയും ശ്രമം.

സഫ്‌നയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് പ്രതികള്‍ യുവാവിനെ മര്‍ദിച്ചു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ഉപയോഗിച്ച് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ യുവാവ് ഇതിന് വിസമ്മതിച്ചതോടെ വിവസ്ത്രനാക്കിയ ശേഷം മര്‍ദിക്കുകയായിരുന്നു. യുവാവിന്‍റെ പഴ്‌സും പണവും എടിഎം കാര്‍ഡും പ്രതികള്‍ കൈക്കലാക്കിയിരുന്നു.