കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്. സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം. 15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.
കേരളത്തിന്റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്. എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്‍സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.



