ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ആശുപത്രി വിടില്ല. ശരീരവേദന തുടരുന്നതിനാൽ മന്ത്രിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്. ഇന്നലെ രാത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് മന്ത്രിയെ മാറ്റിയിരുന്നു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.
കഴുത്തുവേദന ഇപ്പോഴും തുടരുന്നുവെന്നും ഞരമ്പിന് ക്ഷതമുണ്ടായതോടൊപ്പം നീർവീക്കം കാണപ്പെടുന്നുവെന്നുമാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഇന്ന് രാവിലെ ചേർന്ന യോഗത്തിൽ, ശരീരാവസ്ഥ പൂർണമായും സ്ഥിരതയിലാകാത്തതിനാൽ ഡിസ്ചാർജ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം, ഇന്നലെ നടത്തിയ എംആർഐ പരിശോധനയിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും യോഗം അറിയിച്ചു.
മന്ത്രിയുടെ ഡിസ്ക്കുമായി ബന്ധപ്പെട്ട വേദന നേരത്തേ ഉണ്ടായിരുന്ന പ്രശ്നമാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ, മന്ത്രിയെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ പ്രവർത്തകരായ അക്ഷയ്, മുബാസ്, യാസിൻ, ബിദുൽ എന്നിവരെ മാർച്ച് 12 വരെ റിമാൻഡ് ചെയ്തു..



