ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്കായി ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഇന്ത്യ ഫണ്ട് അനുവദിക്കാത്തത് നിരാശാജനകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇന്ത്യയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കാൻ കഴിയുന്ന സുവർണ്ണ കവാടം എന്നാണ് അദ്ദേഹം ഈ തുറമുഖത്തെ വിശേഷിപ്പിച്ചത്. സംയുക്തമായി വികസിപ്പിച്ച പദ്ധതിയിൽ ബജറ്റിലെ ഫണ്ട് വെട്ടിക്കുറവ് നിരാശയുണ്ടാക്കിയോ എന്ന ചോദ്യത്തിന്, ഇത് ഇറാനും ഇന്ത്യയ്ക്കും ഒരുപോലെ നിരാശാജനകമാണെന്നായിരുന്നു ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇറാൻ മന്ത്രിയുടെ പ്രതികരണം.

ഇന്ത്യൻ മഹാസമുദ്ര മേഖലയെ മധ്യേഷ്യയുമായും കൊക്കേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന സുവർണ്ണ കവാടമാണ് ചബഹാറെന്ന  പ്രധാനമന്ത്രി മോദിയുടെ പരാമർശം ഓർമിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതൊരു തന്ത്രപ്രധാനമായ തുറമുഖമാണ്. പൂർണ്ണമായി വികസിപ്പിക്കുകയാണെങ്കിൽ, ഇറാൻ വഴി മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഇന്ത്യയെ ബന്ധിപ്പിക്കുന്നതിൽ ഇതിന് വലിയ പങ്ക് വഹിക്കാനാകും. ഇതൊരു മികച്ച ട്രാൻസിറ്റ് റൂട്ടായിരിക്കും. എന്നെങ്കിലും ഈ തുറമുഖത്തിന്റെ പൂർണ്ണമായ വികസനത്തിന് നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്ബാസ് അരാഗ്‌ചി പറഞ്ഞു.