ഇസ്രായേലിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരതയോടുള്ള സന്ധിയില്ലാത്ത നിലപാട്, വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം എന്നിവ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമാണെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം പുലരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേൽ പൗരന്മാർക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ പരാമർശിച്ച പ്രധാനമന്ത്രി, ആ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തി. “ഞങ്ങൾ നിങ്ങളുടെ വേദന അനുഭവിക്കുന്നു, നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു,” അദ്ദേഹം പറഞ്ഞു.