വിശാഖപട്ടണം തീരത്ത് അണിനിരന്ന 71 യുദ്ധക്കപ്പലുകളുടെ അതിശയിപ്പിക്കുന്ന ഉപഗ്രഹ ചിത്രം പുറത്ത്. അസിസ്റ്റ സ്പേസിന്റെ (Azista Space) എഎഫ്ആർ ഉപഗ്രഹമാണ് ഈ അപൂർവ്വ ദൃശ്യം പകർത്തിയത്. ഫെബ്രുവരി 15 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂ 2026-ന്റെ (IFR 2026) ഭാഗമായാണ് കപ്പലുകൾ സമുദ്രത്തിൽ അണിനിരന്നത്. ഇന്ത്യൻ നാവികസേനയുടെ കരുത്തിനൊപ്പം വിവിധ സൗഹൃദ രാജ്യങ്ങളുടെ പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അതിശക്തമായ ഈ നിര.
ഉയർന്ന വ്യക്തതയുള്ള ഉപഗ്രഹ ദൃശ്യങ്ങളിൽ, കടൽപരപ്പിലൂടെ കിലോമീറ്ററുകളോളം നീളുന്ന യുദ്ധക്കപ്പലുകളുടെ കൃത്യമായ വിന്യാസം കാണാൻ സാധിക്കും. ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിച്ച ഈ ചടങ്ങിൽ സമുദ്ര സുരക്ഷയിലെ സഹകരണവും നയതന്ത്രവും ഉയർത്തിക്കാട്ടുന്ന പ്രമുഖ നാവിക പ്ലാറ്റ്ഫോമുകൾ ഒത്തുചേർന്നു.



