സർക്കാർ ജോലി കിട്ടിയാൽ പിന്നെ എന്തുമാകാം എന്ന ധാരണ പലരിലുമുണ്ട്. സർക്കാർ ജോലി എന്നത് പലർക്കും സുരക്ഷിതമായ ഭാവിയുടെ പ്രതീകമാണ്. ഒരിക്കൽ സർക്കാർ സർവീസിൽ പ്രവേശിച്ചാൽ ജീവിതം മുഴുവൻ ഉറപ്പാണെന്ന ധാരണ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നു. എന്നാൽ ഇത് പൂർണമായും ശരിയല്ല. കർശനമായ സേവനനിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ട ബാധ്യത സർക്കാർ ജീവനക്കാരിൽ ഉണ്ടാകും. 

നിയമലംഘനം, അച്ചടക്കക്കുറവ്, അഴിമതി, അധികാര ദുരുപയോഗം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ തെളിഞ്ഞാൽ സസ്‌പെൻഷൻ മാത്രമല്ല, സ്ഥിരപിരിച്ചുവിടൽ (Dismissal) വരെയും നടപടികൾ എത്തിച്ചേരാം. അതിനാൽ സർക്കാർ ജോലി സുരക്ഷിതമാണെങ്കിലും, അത് നിയമാനുസൃതമായ ഉത്തരവാദിത്വങ്ങൾ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്.

കാര്യക്ഷമതയില്ലാത്തവരും അഴിമതിക്കാരും അശ്രദ്ധരുമായ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. സമീപ വർഷങ്ങളിൽ, കേന്ദ്ര സർക്കാർ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ അകാലത്തിൽ വിരമിപ്പിച്ചിട്ടുണ്ട്. റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് അധികാരമേറ്റയുടൻ തന്നെ അഴിമതിയിലും വിട്ടുവീഴ്ചയിലും ഉൾപ്പെട്ട നിരവധി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെ 10 മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം നിർബന്ധിതമായി വിരമിപ്പിച്ചു.